പിഎം ശ്രീ പദ്ധതിയില്‍ പാഠപുസ്തകങ്ങള്‍ മാറില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2025-10-24 11:21 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ പാഠപുസ്തകങ്ങള്‍ മാറില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയിലെ അക്കാദമിക് കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും സിലബസ് തീരുമാനിക്കുക സംസ്ഥാനസര്‍ക്കാരായിരിക്കുമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമാവുന്ന സ്‌കൂളുകളുടെ പേരില്‍ പിഎം ശ്രീ എന്നു ചേര്‍ക്കണമെന്നാണ് നിര്‍ദേശം. പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണമെന്ന് നിര്‍ദേശമില്ല. നിലവിലെ ഉച്ചഭക്ഷണ പദ്ധതിക്ക് പിഎം പോഷണ്‍ ശക്തിനിര്‍മാണ്‍ എന്നാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പിഎം ഉഷ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ പേരില്‍ പിഎം എന്നു ഉള്ളതുകൊണ്ട് മാത്രം കോടിക്കണക്കിന് രൂപ കളയാനാവില്ല. നിലവിലെ 82 കേന്ദ്ര പദ്ധതികളില്‍ 17 എണ്ണം പിഎം എന്ന പേരിലാണുള്ളത്. വിദ്യാഭ്യാസ വകുപ്പില്‍ തന്നെ ആറു പദ്ധതികള്‍ നടക്കുന്നു. അതെല്ലാം തികച്ചും സാങ്കേതികമായ കാര്യങ്ങളാണ്. അത് ചൂണ്ടിക്കാട്ടി 40 ലക്ഷം കുട്ടികളുടെ അവകാശങ്ങള്‍ കളയാനാവില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് കേരളത്തിന് 1,400 കോടി രൂപ കളയാനാവില്ല. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിനെതിരേ പോരാട്ടം തുടരും. പിഎം ശ്രീയിലെ കരിക്കുലം കേരളത്തിന്റെ മതനിരപേക്ഷ-ശാസ്ത്രീയ ഉള്ളടക്കം തന്നെയായിരിക്കും. പിഎം ശ്രീ പദ്ധതി നിലവില്‍ തുടങ്ങിയിട്ടില്ല. അവര്‍ പറയുന്ന കാര്യത്തിന് കേരളത്തിന് വിഹിതം ആവശ്യമില്ല. കിട്ടിയാല്‍ വാങ്ങാതെയിരിക്കില്ല. പക്ഷേ, ആ പദ്ധതിയില്‍ ഭാഗമായില്ലെങ്കില്‍ മറ്റു വിഹിതം ലഭിക്കില്ല എന്നതാണ് പ്രശ്‌നമെന്നും മന്ത്രി വിശദീകരിച്ചു.