'അധികാരം നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരം'; ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി
തിരുവനന്തപുരം: ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയ പാഠപുസ്തകം തയ്യാറായി. പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലാണ് ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം' എന്ന പാഠഭാഗത്തിലാണ് ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവനെന്ന് പറയുന്നത്. ഗവര്‍ണര്‍ക്കുള്ള അധികാരം, അധികാര പരിധി, ചുമതലകള്‍ എന്നിവയാണ് പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗവര്‍ണര്‍ അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് പാഠഭാഗത്തില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കാന്‍ അധികാരമില്ല. ഗവര്‍ണര്‍ എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. സജീവ രാഷ്ട്രീയക്കാരെ ഗവര്‍ണര്‍മാരായി നിയമിക്കരുതെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പാഠഭാഗത്തിലുണ്ട്.
ആര്‍ലേക്കര്‍ ഗവര്‍ണറായെത്തിയ തുടക്ക സമയത്ത് സര്‍ക്കാരുമായി വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് രാജ്ഭവനിലെ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതംബയുടെ ചിത്രം ഉപയോഗിച്ച് തുടങ്ങിയതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഉടക്കാന്‍ തുടങ്ങി. കേരള സര്‍വകലാശാലയിലെ പരിപാടിയിലും ഇതേ ചിത്രം ഉപയോഗിച്ചതോടെ സര്‍ക്കാരും ഗവര്‍ണറും കൂടുതല്‍ അകന്നു. ഇതിനുപിന്നാലെ വൈസ് ചാന്‍സലര്‍ നിയമനം, ബില്ലുകള്‍ ഒപ്പിടുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകിയത്. തുടര്‍ന്ന് ഗവര്‍ണറുടെ അധികാരപരിധികള്‍ പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.
