ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്ന് വിഎച്ച്പിയും ബജ്‌റംഗ്ദളും; മാര്‍ച്ച് 17ന് റാലി

Update: 2025-03-16 13:15 GMT

മുംബൈ: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ എന്ന ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്ദളും പ്രതിഷേധം പ്രഖ്യാപിച്ചതോടെ ഖബറിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അധികസുരക്ഷ ഏര്‍പ്പെടുത്തി. ബീജാപൂര്‍ സുല്‍ത്താനേറ്റിലെ സൈനിക ജനറലായിരുന്ന അഫ്‌സല്‍ ഖാന്റെ ഖബര്‍ 2001ല്‍ പൊളിച്ച കേസിലെ പ്രതിയായ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്‌ബോതെ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ജില്ലാ കലക്ടറും ഉത്തരവിറക്കി. 2018ല്‍ ഭീമ കൊറെഗാവില്‍ ദലിതുകള്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലെ പ്രതിയുമാണ് ഇയാള്‍.


മിലിന്ദ് എക്‌ബോതെയുടെ സംഘടനയായ ധര്‍മ്മവീര്‍ സംഭാജി മഹാരാജ് പ്രതിഷ്ഠാനും അദ്ദേഹത്തിന്റെ അനുയായികളും ഔറംഗസീബിന്റെ ഖബര്‍ തകര്‍ക്കാന്‍ ഖുല്‍ദാബാദിലെത്താന്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കലക്ടറുടെ ഓഫിസ് അറിയിച്ചു.

ഔറംഗസീബിന്റെ ഖബര്‍ നീക്കം ചെയ്യണമെന്നു തന്നെയാണ് മഹാരാഷ്ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും നിലപാട്. എന്നാല്‍, അതിന് അക്രമം പാടില്ലെന്നും നിയമം ഉപയോഗിക്കണമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഖബര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ കീഴിലാണെന്നും നിയമസംരക്ഷണമുണ്ടെന്നും അതിനാല്‍ നിയമപരമായ നടപടി വേണമെന്നുമാണ് ഫഡ്‌നാവിസ് മറ്റുള്ള ഹിന്ദുത്വരോട് പറയുന്നത്.

1618 ഒക്‌ടോബര്‍ 24ന് ഇന്നത്തെ ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് 'അധികാരത്തിന്റെ അലങ്കാരം'എന്നാണര്‍ഥം. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും 'മുംതാസ് മഹല്‍' എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു മാതാപിതാക്കള്‍. ക്രി.ശേ 1658 മുതല്‍ 1707 വരെ ഔറംഗസേബ് ഭരിച്ചു. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു.

1707ല്‍ 87ആം വയസ്സില്‍ അന്തരിച്ച ഔറംഗസീബിനെ ഔറംഗബാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഖുല്‍ദാബാദിലാണ് അടക്കം ചെയ്തിരിക്കുന്നത്, അവിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ ഖബറിടമായ 'ബീബി കാ മഖ്ബറ' സ്ഥിതി ചെയ്യുന്നത്.

തന്റെ അധ്യാപകനായ സയ്യിദ് സൈനുദ്ദീനെ അടക്കം ചെയ്തിരിക്കുന്ന ഖുല്‍ദാബാദില്‍ തന്നെയും അടക്കം ചെയ്യണമെന്ന് ഔറംഗസീബ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സയ്യിദ് സൈനുദ്ദീന്റെ സമുച്ചയത്തിനുള്ളിലാണ് ഖബര്‍ സ്ഥിതി ചെയ്യുന്നത്. ലളിതമായ രീതിയില്‍ അടക്കം ചെയ്യണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കി. പിന്നീട്, ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലോര്‍ഡ് കഴ്‌സണിന്റെ അഭ്യര്‍ത്ഥനപ്രകാരം ഹൈദരാബാദ് നിസാം ഖബറിന് ചുറ്റും ഗ്രില്‍ സ്ഥാപിച്ചു.