ആന്‍ഡല്‍: ഛാത്ത് പൂജ ചടങ്ങിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ നഗരമായ ആന്‍ഡലിലെ എല്ലാ മല്‍സ്യ-മാംസ വില്‍പ്പന കടകള്‍ക്കും നിരോധനമേര്‍പ്പെടുത്തി ബിജെപി. ഒക്ടോബര്‍ 26, 27 തീയതികളില്‍ എല്ലാ കടകളും അടച്ചുപൂട്ടണമെന്നായിരുന്നു ഭീഷണി. എന്നാല്‍ പലരും ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ചില ആളുകള്‍ തങ്ങളുടെ കടകള്‍ തുറന്ന് വച്ച് മീനും ഇറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തു.
അടുത്ത കാലത്തായി ഹിന്ദുത്വ പാര്‍ട്ടികള്‍ ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവരുകയാണ്. അടുത്തിടെ ദിഘ, നബദ്വീപ് വിപണികളിലും ഇതേ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ദിഘയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍, ആ ദിവസം ആരും മാംസാഹാരം കഴിക്കരുതെന്ന ഉത്തരവും പുറപ്പെടുവിക്കുകയുണ്ടായി.
ഹോളി ആഘോഷവേളകളിലും ഇത്തരം നിര്‍ദേശങ്ങള്‍ ഹിന്ദുത്വര്‍ പുറപ്പെടുവിച്ചിരുന്നു.ഇതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ കീഴിലുള്ള നബ്ദീപ് മുന്‍സിപ്പാലിറ്റി എല്ലാ മാംസകടകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇങ്ങനെയൊരു നിര്‍ദേശം വന്നതിനെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഒക്ടോബര്‍ 25 ന്, ബിജെപിയുടെ റാണിഗഞ്ച് മണ്ഡല്‍ -4 ന്റെ പ്രസിഡന്റായ രാഖല്‍ ചന്ദ്ര ദാസ്, ഛാത്ത് ചടങ്ങ് നടക്കുന്നതിന്റെ അന്ന് മല്‍സ്യമാംസ കടകള്‍ തുറക്കാതിരിക്കാനുള്ള നിര്‍ദേശം നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും വേണ്ടി പോലിസിന് കത്തെഴുതി. ഛാത്ത് ഭക്തര്‍ ദാമോദര്‍ നദിയിലേക്ക് പോകുന്ന വഴിയില്‍ മാംസവും മീനും വില്‍ക്കുന്നത് അവര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 26നും 27നും പല കടകള്‍ക്കുസമീപവും ബിജെപിക്കാര്‍ വരുകയും കട പൂട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ഇവിടുത്തുകാര്‍ പറയുന്നു. പലരും തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു. എന്തിനാണ് കട പൂട്ടുന്നതെന്നു ചോദിച്ച് പല കടക്കാരും രംഗത്തുവന്നെങ്കിലും ഭീഷണിക്കുമുന്നില്‍ പിടിച്ചു നില്‍ക്കാനായില്ലെന്നും അവര്‍ വ്യക്തമാക്കി. ഇവിടെ എല്ലാ കടക്കാരും സൗഹാര്‍ദ്ദത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും ഇതുവരെ ഇവിടെ ഒരു തരത്തിലുള്ള ഭിന്നതയും ആളുകള്‍ തമ്മിലുണ്ടായിട്ടില്ലെന്നും ആളുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍, ബിജെപിയുടെ വിഭജന രാഷ്ട്രീയം ഇപ്പോള്‍ എത്രത്തോളം ശക്തമായിട്ടുണ്ടെന്ന് പറയാതെവയ്യ. ബിജെപിയുടെ നടപടികള്‍ക്ക് തൂണമൂല്‍ സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്നും ഇവിടുത്തുകാര്‍ പറയുന്നു.
അതേസമയം, പശ്ചിമ ബര്‍ദ്ധമാനിലെ തൃണമൂല്‍ കോണ്‍ഗ്രസ് യുവജന പ്രസിഡന്റും മദന്‍പൂരിലെ ഗ്രാമപഞ്ചായത്ത് മുഖ്യനുമായ പാര്‍ത്ഥ ദിയാസി ബിജെപിക്കാരുടെ നിര്‍ദേശത്തെ അപലപിക്കുകയും അതിനെതിരേ ശക്തമായ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മറുവശത്ത്, ബിജെപിയുടെ പശ്ചിമ ബര്‍ദ്ധമാന്‍ ജില്ലാ പ്രസിഡന്റ് ദെബ്താനു ഭട്ടാചാര്യ പറഞ്ഞത്, ആന്‍ഡലില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇത് തങ്ങളുടെ പാര്‍ട്ടിയുടെ തീരുമാനമല്ലെന്നുമാണ്.

