ദക്ഷിണകൊറിയയുമായി സംഘർഷം രൂക്ഷം; വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ
സോൾ: ദക്ഷിണകൊറിയയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. ഇന്ന് രാവിലെ രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശത്തുനിന്ന് കടലിലേക്ക് ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സൈന്യം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയും സമാനമായ മിസൈൽ പരീക്ഷണം നടന്നിരുന്നു.
ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ വിവരമനുസരിച്ച് രാവിലെ 8.50ഓടെ വോൺസാൻ മേഖലയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഏകദേശം 240 കിലോമീറ്റർ ദൂരം മിസൈലുകൾ സഞ്ചരിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി വിശദമായ പരിശോധന നടത്തിവരികയാണ്.
ഉത്തരകൊറിയയുടെ നീക്കത്തെ ശക്തമായി അപലപിച്ച ദക്ഷിണകൊറിയ അടിയന്തര ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു ചേർത്തു. ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ തുറന്ന ലംഘനമാണ് ഈ പരീക്ഷണങ്ങളെന്ന് സോൾ ആരോപിച്ചു. ചൊവ്വാഴ്ച വിക്ഷേപിച്ച മറ്റൊരു മിസൈൽ പറന്നുയർന്നതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് തകർന്നുവീണതായും റിപപോർട്ടുകളുണ്ട്.
ഇതിനിടെ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന ദക്ഷിണകൊറിയയുടെ പ്രതീക്ഷകൾ ഉത്തരകൊറിയ തള്ളിക്കളഞ്ഞു. ദക്ഷിണകൊറിയ തങ്ങളുടെ പ്രധാന ശത്രുരാജ്യമായി തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ജാങ് കും ചോൾ വ്യക്തമാക്കി.
ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങിന്റെ സമാധാനപരമായ സമീപനത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ഉത്തരകൊറിയ പ്രതികരിച്ചു. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങിന്റെ പുതിയ പ്രസ്താവന സോളിനുള്ള മുന്നറിയിപ്പായിരുന്നുവെന്നും അത് സമാധാന സൂചനയായി കാണേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യു.എൻ ഉപരോധങ്ങൾ നിലനിൽക്കെയാണെങ്കിലും പ്രതിരോധാവകാശത്തിന്റെ ഭാഗമായാണ് മിസൈൽ പരീക്ഷണങ്ങൾ തുടരുന്നതെന്ന നിലപാടിലാണ് ഉത്തരകൊറിയ. ഇതോടെ കൊറിയൻ ഉപദ്വീപിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.