ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്നും സഭയില്‍ സംഘര്‍ഷം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ നിയമസഭയില്‍ ഇന്നും ബഹളം. സ്വര്‍ണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയായിരുന്നു. സഭയിലെ സംഘര്‍ഷങ്ങള്‍ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സതീശന്‍ തുടങ്ങിയത്. എന്നാല്‍, ഡയസില്‍ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തില്‍ നല്ല ഭാവി ഉണ്ടെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പരിഹാസം.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നില്‍ക്കുന്ന ഫോട്ടോ ഇന്നും ഭരണപക്ഷം ആയുധമാക്കി. സ്വര്‍ണ്ണം കട്ടവര്‍ക്ക് സോണിയ ഗാന്ധിയെ കാണാന്‍ അവസരം ഒരുക്കിയത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് മാറ്റണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും പൊതുവേദിയില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പരാതിപ്പെട്ടു. സഭയിലെ സമരം കനഗോലു പ്ലാന്‍ ചെയ്തതെന്നും ശിവന്‍ കുട്ടി പറഞ്ഞു. കനഗോലുവിന്റെ അഭിപ്രായം ആണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇന്നലെ ചെയ്തതെല്ലാം ഇന്ന് മാറ്റി പറയുന്നു. എല്ലാ തോന്നിവാസങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയായി വി ഡി സതീശന്‍ മാറി. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാന്‍ പഠിക്കുന്നു. മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. പല കാര്യങ്ങളും പറഞ്ഞാല്‍ പ്രതിപക്ഷം മുണ്ട് തലയിലിട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രതിഷേധത്തിനും ബഹളത്തിനും ഒടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
