വാളുകള്‍ വിതരണം ചെയ്ത പത്ത് ഹിന്ദുത്വര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം

Update: 2025-12-30 06:22 GMT

ഗാസിയാബാദ്: ആളുകള്‍ക്ക് വാളുകള്‍ വിതരണം ചെയ്ത പത്ത് ഹിന്ദിത്വര്‍ അറസ്റ്റില്‍. ആളുകള്‍ക്ക് വാളുകള്‍ വിതരണം ചെയ്യുന്നതും പറയുന്നതുമായ വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലിസാണ് തിങ്കളാഴ്ച പത്തു പേരെ അറസ്റ്റ് ചെയ്തത്.

'വീഡിയോകളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എച്ച്ആര്‍ഡി അംഗങ്ങള്‍ ആളുകള്‍ക്ക് വാളുകള്‍ പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തതായി വീഡിയോകള്‍ കാണിക്കുന്നു. ഈ പ്രവൃത്തി നാട്ടുകാര്‍ക്കിടയില്‍ ഭയം ജനിപ്പിച്ചു. ചൗധരിയുടെ പേരും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അദ്ദേഹം നിലവില്‍ ഒളിവിലാണ്. എച്ച്ആര്‍ഡി അംഗങ്ങള്‍ ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. വീഡിയോകള്‍ ഞങ്ങള്‍ ശ്രദ്ധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തു,' ട്രാന്‍സ്ഹിന്‍ഡണ്‍ സോണിലെ ഡിസിപി നിമിഷ് പാട്ടീല്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റ് വകുപ്പുകള്‍ ചേര്‍ക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

ചൗധരി ഉള്‍പ്പെടെ 16 പേര്‍ക്കെതിരേ ബിഎന്‍എസ് സെക്ഷന്‍ 191(2), മാരകായുധങ്ങളുമായി കലാപം നടത്തിയതിന് 191(3), അന്യായമായി തടങ്കലില്‍ വച്ചതിന് 127(2), ഷാലിമാര്‍ ഗാര്‍ഡന്‍ പോലിസ് സ്‌റ്റേഷനിലെ ക്രിമിനല്‍ ലോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.

'ബംഗ്ലാദേശില്‍ നമ്മുടെ ഹിന്ദു സഹോദരന്മാര്‍ കൊല്ലപ്പെട്ടതുപോലെ, നമ്മള്‍ നമ്മുടെ ഹിന്ദു സഹോദരന്മാര്‍ക്ക് വാളുകള്‍ വിതരണം ചെയ്യുന്നു. ഹിന്ദുക്കള്‍ സ്വയം പ്രതിരോധിക്കാന്‍ വാളുകള്‍ സൂക്ഷിക്കണം. ഞങ്ങള്‍ ഏകദേശം 250 വാളുകള്‍ വിതരണം ചെയ്തു, ഞങ്ങള്‍ വിതരണം ചെയ്യുന്നത് തുടരും. ഞങ്ങള്‍ ഇവ പ്രാദേശികമായി വിതരണം ചെയ്തിട്ടുണ്ട്,' ചൗധരി ഒരു വീഡിയോയില്‍ പറയുന്നു.

ഷാലിമാര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷന്‍ രണ്ടിലെ എച്ച്ആര്‍ഡി ഓഫീസിന് പുറത്ത് വാളുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി വീഡിയോകള്‍ കാണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എച്ച്ആര്‍ഡി അംഗങ്ങള്‍ കൈകളില്‍ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും തെരുവുകളില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു.

2014ല്‍ കൗശാമ്പിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് ചൗധരിയും അദ്ദേഹത്തിന്റെ സംഘടനയുമായിരുന്നു. 2020 ജനുവരിയില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാംപസില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുത്തിരുന്നു.