പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം

Update: 2024-04-23 07:07 GMT

ക്വലാലംപുര്‍: പരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് 10 പേര്‍ മരിച്ചു. പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ (ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90ാമത് നാവിക ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച റോയല്‍ മലേഷ്യന്‍ നേവി രണ്ട് ഹെലികോപ്റ്ററുകളിലുമുണ്ടായിരുന്ന മുഴുവന്‍ സേനാംഗങ്ങളും മരിച്ചതായി അറിയിച്ചു. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും സേന അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു.

റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ AS555SN ഫെനാക്, അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് എഡബ്ല്യു139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിക്ക് ശേഷം അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് എഡബ്ല്യു139 ഹെലികോപ്റ്റര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിന്റെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റര്‍  AS555SN ഫെനാക് സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകര്‍ന്നുവീണത്. യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അപകടത്തില്‍ മരിച്ച നാവികസേനാംഗങ്ങളുടെ കുടുംബങ്ങളോട് മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ ഇബ്രാഹിം അനുശോചനമറിയിച്ചു. രാജ്യത്തിന്റെ ധീരനായകരുടെ വേര്‍പാടില്‍ താന്‍ അതീവദുഃഖിതനാണെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News