ജാതി സര്‍വേ പൂര്‍ത്തിയാക്കാന്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്ക് പത്തുദിവസത്തെ അവധി
ഒക്ടോബര്‍ എട്ടു മുതല്‍ 18 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: ജാതി സര്‍വേ പൂര്‍ത്തിയാക്കുന്നതിനായി കര്‍ണാടകയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ എട്ടു മുതല്‍ 18 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സര്‍വേ പൂര്‍ത്തിയാക്കുന്നതിനായി അധ്യാപക സംഘടന പത്തുദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവധി. നിലവില്‍ വിദ്യാര്‍ഥികള്‍ ദസറ അവധിയിലാണ്.
കര്‍ണാടക സംസ്ഥാന സാമൂഹിക, വിദ്യാഭ്യാസ വികസന കമ്മീഷന്‍ നടത്തുന്ന സര്‍വേയുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചൊവ്വാഴ്ച വിധാന്‍ സൗധയില്‍ അവലോകന യോഗം ചേര്‍ന്നതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 22ന് ആരംഭിച്ച ജാതി സെന്‍സസെന്ന പേരിലുള്ള സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക സര്‍വേ ചൊവ്വാഴ്ച അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പല ജില്ലകളിലും പ്രക്രിയ പൂര്‍ത്തിയായിട്ടില്ല. കൊപ്പലില്‍ 97 ശതമാനം പൂര്‍ത്തിയായപ്പോള്‍ ദക്ഷിണ കന്നടയില്‍ ഏകദേശം 67 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 12ന് രണ്ടാം പിയുസി മിഡ് ടേം പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍, പിയു അധ്യാപകരെ സര്‍വേ ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.