ആറ് ജില്ലകളില്‍ ഇന്നും താപനില ഉയരും;ജാഗ്രതാ മുന്നറിയിപ്പ്

കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്

Update: 2022-03-13 03:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്നും താപനില ഉയരാന്‍ സാധ്യത.താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്.ഈ ജില്ലകളില്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരുന്നു.

കോട്ടയം,കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി, തൃശൂരില്‍ 38.6 ഡിഗ്രി, പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തില്‍ 34.5 ആയിരുന്നു. ശരാശരിയില്‍ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാധീനവുമാണ് താപനില ഉയരാന്‍ കാരണം.കോട്ടയം,ഇടുക്കി,കൊല്ലം,പത്തനംതിട്ട, ജില്ലകളില്‍ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്തെ മിക്കയിടങ്ങളും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കാന്‍ സാധ്യത ഉണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജന്‍സികളും കൊടും ചൂട് പ്രവചിക്കുന്നു. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറം ജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News