ടെലിവിഷന്‍ ബാര്‍ക് റേറ്റിങ് തട്ടിപ്പ്; മലയാളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കി, പരാതി ലഭിച്ചതായി ഡിജിപി
തിരുവനന്തപുരം: ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്ന ഏജന്‍സിയായ ബാര്‍ക്കിലെ ജീവനക്കാരെ കോടികള്‍ കോഴ നല്‍കി മലയാളത്തിലെ ഒരു ചാനല്‍ സ്വാധീനിച്ചതായി റിപോര്‍ട്ട്. സംഭവത്തില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍(കെടിഎഫ്)പ്രസിഡന്റ് ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി, പരാതി സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറുകയും അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ബാര്‍ക് തട്ടിപ്പില്‍ പരാതി ലഭിച്ചതായി ഡിജിപി പറഞ്ഞു. അന്വേഷണത്തിനായി സൈബര്‍ ടീമിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദമായ അന്വേഷണത്തിനാണ് നിര്‍ദ്ദേശം. നിരവധി തെളിവുകളും പുറത്തുവന്നു. ബാര്‍ക്കില്‍ തട്ടിപ്പ് നടത്താന്‍ കേരളത്തിലെ ഒരു ചാനല്‍ ഉടമ കോടികള്‍ കോഴ നല്‍കിയെന്നാണ് ആരോപണം.
ബാര്‍ക്കിലെ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘത്തെ സ്വാധീനിച്ചാണ് മലയാളം ചാനല്‍ തട്ടിപ്പ് നടത്തിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. നേരത്തെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി മീഡിയവണ്‍ ചൂണ്ടിക്കാട്ടി ബാര്‍ക്കില്‍ നിന്ന് പിന്മാറിയിരുന്നു. രണ്ടാഴ്ച മുന്‍പ് ട്വന്റി ഫോര്‍ ന്യൂസ് ചാനലും ബാര്‍ക്കില്‍നിന്ന് പിന്മാറിയിരുന്നു. കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും ബാര്‍ക്ക് ജീവനക്കാരനായ പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ മേധാവി കൂടിയായ ശ്രീകണ്ഠന്‍ നായരുടെ പരാതി. ക്രിപ്‌റ്റോ കറന്‍സി വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ ആരോപണവിധേയനായ ചാനല്‍ ഉടമയും തമ്മില്‍ നടന്ന വാട്‌സ് ആപ്പ് ചാറ്റുകളടക്കം ട്വന്റിഫോര്‍ ചാനല്‍ പുറത്തുവിട്ടു.
