തെലങ്കാനയില്‍ ആല്‍മോണ്ട്-കിഡ് കഫ് സിറപ്പിന്റെ ഉപയോഗം നിര്‍ത്താന്‍ നിര്‍ദ്ദേശം

Update: 2026-01-10 15:37 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ ആല്‍മോണ്ട്-കിഡ് കഫ് സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷാംശമുള്ള പദാര്‍ത്ഥം കലര്‍ന്നതായി കണ്ടെത്തിയതിനാല്‍ അതിന്റെ ഉപയോഗം ഉടന്‍ നിര്‍ത്താന്‍ തെലങ്കാന ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കി. കുട്ടികളില്‍ അലര്‍ജി, ഹേ ഫീവര്‍, ആസ്ത്മ എന്നിവക്ക് ചികില്‍സിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ആല്‍മോണ്ട്-കിഡ് സിറപ്പിലാണ് എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന ഉയര്‍ന്ന വിഷാംശമുള്ള പദാര്‍ത്ഥവുമായി മായം കലര്‍ന്നതായി കണ്ടെത്തിയത്.

സിറപ്പില്‍ മായം കലര്‍ന്നതായി കണ്ടെത്തിയ ലബോറട്ടറി റിപോര്‍ട്ടിനെക്കുറിച്ച് കൊല്‍ക്കത്തയിലെ ഈസ്റ്റ് സോണിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഡിസിഎയുടെ അറിയിപ്പില്‍ പറയുന്നു. 'മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണക്കിലെടുത്ത്, മുകളില്‍ പറഞ്ഞ സിറപ്പ് കൈവശം ഉണ്ടെങ്കില്‍ അത് ഉടനെ നിര്‍ത്താനും അടുത്തുള്ള ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റിയെ ഉടന്‍ അറിയിക്കാനും പൊതുജനങ്ങളോട് ശക്തമായി നിര്‍ദ്ദേശിക്കുന്നു,' എന്ന് ഡിസിഎ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള എല്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്കും എല്ലാ ചില്ലറ വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, വിതരണക്കാര്‍, ആശുപത്രികള്‍ എന്നിവര്‍ക്ക് ഈ ഉല്‍പ്പന്ന ബാച്ചിന്റെ ലഭ്യമായ സ്റ്റോക്കുകള്‍ മരവിപ്പിക്കാന്‍ ഉടന്‍ മുന്നറിയിപ്പ് നല്‍കണമെന്നും ഒരു സാഹചര്യത്തിലും അത് വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എത്തിലീന്‍ ഗ്ലൈക്കോള്‍ വിഷബാധയുമായി ബന്ധപ്പെട്ട ആരോഗ്യപരമായ അപകടങ്ങള്‍ ഒഴിവാക്കാന്‍, പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുകളില്‍ പറഞ്ഞ ഉല്‍പ്പന്നം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഡിസിഎ കൂട്ടിച്ചേര്‍ത്തു.