തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് വന്‍വിജയം

Update: 2025-12-12 15:28 GMT

ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ഥികള്‍ക്ക് വിജയം. പാര്‍ട്ടിരഹിതമായാണ് തിരഞ്ഞെടുപ്പുകള്‍ നടന്നതെങ്കിലും, കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണച്ച സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ഗ്രാമപഞ്ചായത്തുകളില്‍ വിജയിച്ചു. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 4,230 പഞ്ചായത്തുകളില്‍ 2,600ലധികം എണ്ണം കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാര്‍ഥികള്‍ നേടിയതായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(ടിപിസിസി)പ്രസിഡന്റും എംഎല്‍സിയുമായ മഹേഷ് കുമാര്‍ ഗൗഡ് അവകാശപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് മഹേഷ്‌കുമാര്‍ ഗൗഡ് പറഞ്ഞു.

ബിആര്‍എസ് 975 സീറ്റുകള്‍ നേടി, ബിജെപി 156 സീറ്റുകളില്‍ വിജയിച്ചു, മറ്റുള്ളവര്‍ 428 സീറ്റുകളില്‍ വിജയിച്ചു, സിപിഎമ്മിന് 40 സീറ്റും സിപിഐക്ക് 30 സീറ്റും ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏകദേശം 14 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഗൗഡ് കുറ്റപ്പെടുത്തി. തെലങ്കാന ബിജെപിയുടെ എംപിമാര്‍ വിജയിച്ചത് വോട്ടു മോഷണം കാരണമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും അനുകൂലമായി നല്‍കിയ വോട്ടുകള്‍ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. സര്‍പഞ്ച് സ്ഥാനങ്ങളിലേക്ക് ആകെ 12,960 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു, വാര്‍ഡ് അംഗ സ്ഥാനങ്ങളിലേക്ക് 65,455 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചു.

Tags: