തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് തേജസ്വി യാദവ്

Update: 2025-11-10 14:05 GMT

പട്ന: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമര്‍ശനവുമായി ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പു കഴിഞ്ഞ് നാലു ദിവസം കഴിഞ്ഞിട്ടും ലിംഗം തിരിച്ചുള്ള വോട്ടിങ് കണക്ക് പുറത്തുവിട്ടില്ലെന്നും ഇത് ആദ്യമായാണ് സംഭവിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. മുന്‍കാലങ്ങളില്‍ കൃത്യം കണക്ക് ഉടനടി ലഭിക്കുമായിരുന്നു. പ്രധാനമന്ത്രിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയെന്നും തേജസ്വി യാദവ് ആരോപിച്ചു.

ഇലക്ഷന്‍ കമ്മീഷനും അമിത്ഷായുമായി ഒത്തു ചേര്‍ന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടായിരിക്കുമെന്നും തേജസ്വി യാദവ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുളള 208 കമ്പനി സുരക്ഷ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി ബിഹാറില്‍ വിന്യസിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂട്ടത്തോടെ സുരക്ഷ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത് എന്തിനാണെന്നും തേജസ്വിനി യാദവ് ചോദിച്ചു.

തൊഴിലില്ലായ്മയെ കുറിച്ചോ ബിഹാറില്‍ നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റത്തെ കുറിച്ചോ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം അദ്ദേഹം നെഗറ്റീവ് പൊളിറ്റിക്‌സാണ് പറയുന്നതെന്നും തേജസ്വി പറഞ്ഞു. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും നവംബര്‍ 16ന് ഇന്‍ഡ്യാ സഖ്യം ബിഹാറില്‍ സത്യപ്രതിജ്ഞ ചെയ്യും. അഴിമതിക്കും ക്രമസമാധാന പ്രശ്നത്തിലും വര്‍ഗീയതക്കെതിരേയും ഞങ്ങളുടെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.