തിരുവനന്തപുരം: കിളിമാനൂര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരേ വ്യാജ പ്രചാരണം അഴിച്ചുവിട്ട അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. കിളിമാനൂര്‍ ആര്‍ആര്‍വി സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയെയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ചന്ദ്രലേഖ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുറിച്ച് വ്യാജപ്രചാരണം നടത്തുകയായിരുന്നു. എതിര്‍ ചേരിയിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പ്രചാരണം. നാണക്കേട് കാരണം വിദ്യാര്‍ഥി പഠനം ഉപേക്ഷിച്ചു. അസുഖ ബാധിതയായ വിദ്യാര്‍ഥിനി നാല് മാസം അവധി എടുത്തപ്പോഴാണ് വ്യാജ പ്രചാരണം നടന്നത്. സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പടെ വിദ്യാര്‍ഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിച്ചു. സിഡബ്ല്യൂസിയിലും പോലിസിലും അധ്യാപിക വ്യാജ പരാതി നല്‍കിയെന്നും കുടുംബം വ്യക്തമാക്കി. ഇതെല്ലാം ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിലും സ്ഥിരീകരിച്ചു.