കണ്ണൂര്‍: കുറുവയില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കല്‍പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടില്‍ ജിജിലേഷിന്റെ ഭാര്യ ശ്രീനിത (32) ആണ് മരിച്ചത്.
കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂളിലെ ഐടി അധ്യാപികയും ഡിവൈഎഫ്‌ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ശ്രീനിതയും ഭര്‍ത്താവ് ജിജിലേഷും രണ്ടുമക്കളുമടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ശ്രീനിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. ഭര്‍ത്താവിനും കുട്ടികള്‍ക്കും പരിക്കേറ്റെങ്കിലും അവസ്ഥ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.