കിളിമാനൂരില്‍ അധ്യാപകന്‍ കാര്‍ ഇടിച്ച് മരിച്ചു

Update: 2025-10-07 06:13 GMT

തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകന്‍ കാര്‍ ഇടിച്ച് മരിച്ചു. മടവൂര്‍ ചാലാംകോണം ഗീതാഭവനില്‍ താമസിക്കുന്ന പോത്തന്‍കോട് വാവറഅമ്പലം നിസരിയിലെ സുനില്‍ (54) ആണ് മരിച്ചത്. റോഡ് മുറിച്ച് കടന്നയാളെ സുനിലിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഈ സമയത്ത് എതിരേ വന്ന കാര്‍ ഇരുവരെയും ഇടിച്ചു.

സംസ്ഥാനപാതയില്‍ കാരേറ്റ് മുസ്ലിം പള്ളിക്കും സിഎസ്‌ഐ പള്ളിക്കുമിടയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം. കിളിമാനൂര്‍ ഭാഗത്തുനിന്ന് കാരേറ്റുവേക്ക് ബൈക്കില്‍ പോകുമ്പോള്‍ തട്ടുകടയിലെ ജീവനക്കാരനായ മുരുകപ്പന്‍ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചു. ഇയാളെ ഇടിച്ചതിനെ തുടര്‍ന്ന് സുനിലിന്റെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്കു വീണു. ഈ സമയത്ത് കാരേറ്റുനിന്ന് പുളിമാത്ത് ഭാഗത്തേക്കെത്തിയ കാര്‍ ഇരുവരെയും ഇടിച്ചു.

ഗുരുതരമായി പരിക്കേറ്റ സുനിലിനെയും മുരുകപ്പനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സുനില്‍ ഇളമ്പ ഗവ. എച്ച്എസ്എസിലെ രസതന്ത്ര അധ്യാപകനായിരുന്നു.

ഭാര്യ: പ്രീത. മക്കള്‍: അദ്വൈത്,ആദിദേവ്, അനന്യ.

Tags: