മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ വൈറലായി അധ്യാപകന്റെ സാഹസിക പ്രവൃത്തികള്‍. പൊന്നാനി എരിക്കാം പാടം സ്വദേശിയും ടിഐ യുപി സ്‌കൂളിലെ അറബിക് അധ്യാപകനുമായ പുല്ലവളപ്പില്‍ ജമാലുദ്ദീന്റെ വീഡിയോയാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്. സ്‌കൂളിലെ ഡസ്‌ക് പല്ലുകൊണ്ട് കടിച്ചെടുത്ത് നടക്കുന്ന വീഡിയോയാണ് ഇത്. മലപ്പുറം ജിബിഎച്ച്എസ്എസില്‍ മേയ് പത്തിന് നടന്ന യുപി അറബിക് ഡിആര്‍ജി പരിശീലന സമയത്ത് സഹപ്രവര്‍ത്തകരുടെ ആവശ്യ പ്രകാരം നടത്തിയ പ്രകടനമാണ് വൈറലായത്.
video
https://www.facebook.com/share/r/1ADh9p7Qcj/?mibextid=wwXIfr
ഈ വീഡിയോ കണ്ട സുഹൃത്തുക്കളായ നിസാര്‍ കെ പൊന്നാനി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കോയ മാഷ്, ഗഫൂര്‍ മാഷ് എന്നിവരുടെ നിര്‍ബന്ധ പ്രകാരമാണ് റീല്‍സ് ആയി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യ 12 മണിക്കൂറില്‍ പതിനായിരം പേര്‍ കണ്ട വീഡിയോ പിന്നീട് കുതിക്കുകയായിരുന്നു. നിലവില്‍ ആറരലക്ഷത്തില്‍ അധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
തേങ്ങ കടിച്ചു പൊളിക്കുക (28 സെക്കന്‍ഡ്), മണ്ണെണ്ണ തുപ്പി തീ കത്തിക്കുക, ബ്ലേഡ് വായിലിടുക, ബ്ലേഡ് കടിച്ചുമുറിക്കുക തുടങ്ങിയ അപകടകരമായ കാര്യങ്ങളും ജമാലുദ്ദീന്‍ പരിശീലിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസ് മുറിയില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ചെറിയ ബെഞ്ചുകള്‍ കടിച്ചെടുത്താണ് തുടക്കം. പിന്നീടാണ് കൂടുതല്‍ മേഖലകളിലേക്ക് കടന്നത്.ഭാര്യ: ഷറഫുന്നീസ, മക്കള്‍: നിജാഹ് ബിന്‍ ജമാല്‍ (ജിയോളജിസ്റ്റ് യുഎഇ), ശിജാഹ് ബിന്‍ ജമാല്‍, റിജാഹ് ബിന്‍ ജമാല്‍, ഫാത്തിമ്മ ജന്ന.