തൊഴിലില്ലായ്മയുടെ പേരില്‍ ഭര്‍ത്താവിനെ പരിഹസിക്കുന്നത് ക്രൂരത: ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂര്‍: തൊഴില്‍രഹിതനാണെന്ന് ആരോപിച്ച് ഭര്‍ത്താവിനെ പരിഹസിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ അന്യായമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് മാനസിക ക്രൂരതയാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ നിരന്തര കുറ്റപ്പെടുത്തല്‍ താങ്ങാനാവാത്തതിനാല്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദും ഉള്‍പ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തി.
''ഭാര്യ പിഎച്ച്ഡി നേടി സ്‌കൂള്‍ പിന്‍സിപ്പലായ ശേഷം ഭര്‍ത്താവിനോടുള്ള പെരുമാറ്റം വളരെ മോശമായി. കൊവിഡ് കാലത്ത് ജോലി പോയ ഭര്‍ത്താവിനെ ഭാര്യ വളരെ മോശമായാണ് ചിത്രീകരിച്ചത്. സാമ്പത്തിക പരാധീനതയുടെ സമയത്ത് അപമാനിക്കുന്നത് മാനസിക ക്രൂരതയ്ക്ക് തുല്യമാണ്.''-കോടതി പറഞ്ഞു. മോശം പെരുമാറ്റം, മകളെ പിതാവിന് എതിരെ തിരിക്കുക, മകനെ ഭര്‍ത്താവിനൊപ്പം വിട്ട് വീടു വിടുക എന്നിവ മാനസിക പീഡനം, വിവാഹബന്ധത്തോടുള്ള അവഗണന എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്നും കോടതി പറഞ്ഞു.