താനൂരില്‍ നിന്നും നാടുവിട്ട പെണ്‍കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍
മലപ്പുറം: താനൂരില്‍ നിന്ന് മുംബൈയിലേക്ക് നാടുവിട്ട പെണ്‍കുട്ടികള്‍ക്കൊപ്പം യാത്രചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. നേരത്തെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്ന എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
ഇന്ന് രാവിലെയോടെയാണ് യുവാവിനെ താനൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയില്‍നിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തില്‍ ഇടപെട്ട് മുംബൈയില്‍ നല്ല പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിര്‍ബന്ധംകൊണ്ടാണ് ഒപ്പം കൂടിയതെന്നാണ് യുവാവ് പറഞ്ഞത്.