താനൂര്‍ കസ്റ്റഡി കൊലപാതകം; അഞ്ച് പോലിസുകാര്‍ക്കെതിരേ കുറ്റപത്രം; കൊലക്കുറ്റം ഒഴിവാക്കി

Update: 2025-08-07 11:10 GMT

മലപ്പുറം: താനൂര്‍ കസ്റ്റഡിക്കൊലക്കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി സിബിഐ കുറ്റപത്രം. താനൂര്‍ മൂന്‍ എസ്‌ഐ കൃഷ്ണലാലും നാല് ഡാന്‍സാഫ് ഉദ്യോഗസ്ഥരും മാത്രമാണ് കുറ്റപത്രത്തിലെ പ്രതികള്‍. കസ്റ്റഡിയിലെ മര്‍ദ്ദനമാണ് താമിര്‍ ജിഫ്രിയുടെ മരണത്തിന് കാരണമെന്ന് സിബിഐ പറയുന്നുണ്ടെങ്കിലും പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി.

താനൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷാണ് കേസിലെ ഒന്നാം പ്രതി. പരപ്പനങ്ങാടി സ്‌റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍ രണ്ടാം പ്രതിയും കല്‍പ്പഞ്ചേരി സ്‌റ്റേഷനിലെ സിപിഒ അഭിമന്യു മൂന്നാം പ്രതിയും തിരൂരങ്ങാടി സ്‌റ്റേഷനിലെ സിപിഒ വിപിന്‍ നാലാം പ്രതിയുമാണ്. ഇവര്‍ ഡാന്‍സാഫ് അംഗങ്ങളാണ്.കസ്റ്റഡി കൊലപാതകത്തില്‍ ഉന്നത പോലിസുകാര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിട്ടും അവര്‍ക്കെതിരേ സിബിഐ നടപടികളൊന്നും സ്വീകരിച്ചില്ല.

2023 ആഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി വസ്തുക്കളുമായി കസ്റ്റഡിയില്‍ എടുത്തു എന്ന് പോലിസ് പറയുന്ന താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു. ലഹരി വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതും മര്‍ദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തല്‍.

ഇതോടെയാണ് പോലിസുകാര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചത്. എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അഞ്ചു പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിയാക്കിയത്. വീട്ടുകാരുടെ ഹരജിയിലാണ് കേസിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.