'തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയില്‍'; എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയില്‍പ്പെടുന്നയാളാണെന്ന് എം വി ഗോവിന്ദന്‍. എസ്ഐടി അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസുകാര്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് കെ സി വേണുഗോപാല്‍ ആണപ്പാ എന്നായപ്പോള്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതുകഴിഞ്ഞാല്‍ മാത്രമേ തന്ത്രിയ്ക്കെതിരേ ഏതൊക്കെ കുറ്റങ്ങള്‍ ഉണ്ടെന്ന് പറയാന്‍ കഴിയൂ. ശബരിമലയിലെ ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെടാന്‍ പാടില്ല. ആരേയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ഞങ്ങള്‍ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയില്‍ പറയുകയാണ് യുഡിഎഫും ബിജെപിയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
'പോറ്റിയെ കേറ്റിയേതാരപ്പാ. നിങ്ങള്‍ എല്ലാവരും കൂടി ചോദിച്ചില്ലേ. അന്ന് നിങ്ങള്‍ എന്താ പറഞ്ഞേ സഖാക്കളാണപ്പാ. ഇപ്പോഴോ മനസിലായില്ലേ? കെ സി വേണുഗോപാല്‍ ആണപ്പ' എം വി ഗോവിന്ദന്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം പുകയുകയാണ്. തന്ത്രിയെ തള്ളി സിപിഎമ്മും മൃദുസമീപനം സ്വീകരിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കണ്ഠരര് രാജീവരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത നടപടി സംശയാസ്പദമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും ദേവസ്വം മന്ത്രി വി എന്‍ വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ കരുവാക്കിയതെന്നും മന്ത്രിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്ത്രിയെ 41 ദിവസം ജയിലില്‍ പാര്‍പ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
