ദുബയ്: ഭാവിയുടെ ഭരണ സംവിധാനത്തിന് പുതിയ രൂപം നല്‍കിക്കൊണ്ട് ലോകത്തിലെ ആദ്യ എഐ പൊതു സേവകനായി, 'താം ഓട്ടോഗവ്' നെ അബൂദബി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ദുബയില്‍ നടക്കുന്ന ജൈടെക്‌സ് ഗ്ലോബല്‍ 2025 ന്റെ വേദിയിലാണ് ആദ്യമായി പുറത്തുവിട്ടത്.
ലൈസന്‍സ് പുതുക്കല്‍, ബില്‍ അടയ്ക്കല്‍, ആശുപത്രി അപ്പോയിന്റ്‌മെന്റുകള്‍ തുടങ്ങി നിത്യജീവിതത്തിലെ നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഓട്ടോമാറ്റിക്കായി നിര്‍വഹിക്കാന്‍ എഐയുടെ പുതിയ സംവിധാനം സഹായിക്കും. ഏറ്റവും രസകരമായത് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യേണ്ടതോ അപേക്ഷിക്കേണ്ടതോ ഇല്ല എന്നുള്ളതാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓട്ടോമാറ്റിക്ക് ആയി നടക്കുന്നതോടെ ആളുകള്‍ക്ക് കാര്യങ്ങള്‍ കൂടൂതല്‍ എളുപ്പമാവും.
1100ലധികം പൊതു സ്വകാര്യ സേവനങ്ങള്‍ 'താം' പ്ലാറ്റ്ഫോമില്‍ ഏകീകരിച്ചിരിക്കുകയാണ്. വ്യക്തിഗത ഡാഷ്ബോര്‍ഡില്‍ പത്രങ്ങള്‍ പുതുക്കാനുള്ള റിമൈന്‍ഡറുകള്‍ വരെ എഐ തന്നെ ക്രമീകരിക്കും. ''ജനങ്ങള്‍ക്ക് അവരുടെ സമയവും മനസ്സമാധാനവും തിരികെ നല്‍കുകയാണ് എഐ പൊതു സേവകന്റെ യഥാര്‍ഥ വാഗ്ദാനം,'' എന്ന് താം ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അസ്‌കര്‍ വ്യക്തമാക്കി.