'തമിഴ്‌നാട് പോരാടും, തമിഴ്നാട് വിജയിക്കും'; കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡിഎംകെ

മാര്‍ച്ച് 12 ന് എല്ലാ ജില്ലകളിലും പാര്‍ട്ടി പൊതുയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചു

Update: 2025-03-10 07:07 GMT

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയം പ്രകാരമുള്ള ത്രിഭാഷാ നയത്തിനെതിരേ സംസ്ഥാനവ്യാപകമായി പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ).'തമിഴ്‌നാട് പോരാടും, തമിഴ്നാട് വിജയിക്കും' എന്ന ബാനറില്‍ മാര്‍ച്ച് 12 ന് എല്ലാ ജില്ലകളിലും പാര്‍ട്ടി പൊതുയോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഡിഎംകെ യുവജന വിഭാഗം 234 നിയമസഭാ മണ്ഡലങ്ങളിലും ത്രിഭാഷാ നയത്തെ ശക്തമായി എതിര്‍ത്ത് പൊതുയോഗങ്ങള്‍ നടത്തി വരികയാണ്.

ഭാഷാ നയങ്ങള്‍ക്ക് പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയയെയും സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക വിഹിതത്തിലെ അസമത്വങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടാനും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ എല്ലാ ഡിഎംകെ പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും പങ്കെടുക്കും.

അതിര്‍ത്തി നിര്‍ണ്ണയത്തിനെതിരെ മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഒന്നിക്കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.ഭാഷാ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ വിവേചനപരമായ ഫണ്ട് അനുവദിക്കുന്നതിനെ മുഖ്യമന്ത്രി സ്റ്റാലിന്‍ വിമര്‍ശനമുന്നയിച്ചു. ഏകദേശം എട്ട് കോടി ആളുകള്‍ തമിഴ് സംസാരിക്കുന്നുണ്ടെങ്കിലും, അതിന്റെ വികസനത്തിന് 74 കോടി രൂപ മാത്രമേ അനുവദിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: