തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി വിജയ്യുടെ ടിവികെ

Update: 2026-03-18 06:15 GMT

ചെന്നൈ: വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കി വിജയ്യുടെ തമിഴക വെട്രി കഴകം. പാര്‍ട്ടി അധ്യക്ഷന്‍ വിജയ് ചെന്നൈയിലെ പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍. ചെന്നൈ ജില്ലയിലെ 16 മണ്ഡലങ്ങളിലുമുള്ള ഡിഎംകെ ആധിപത്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവികെയുടെ നീക്കങ്ങള്‍.

ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ടി നഗറില്‍ നിന്നും, തിരഞ്ഞെടുപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന വില്ലിവാക്കത്ത് നിന്നും മല്‍സരിക്കും. ടിവികെ ട്രഷറര്‍ പി. വെങ്കട്ടരാമന്‍ മൈലാപ്പൂരിലും, എഐഎഡിഎംകെയില്‍ നിന്ന് എത്തിയ മുതിര്‍ന്ന നേതാവ് ജെസിഡി പ്രഭാകര്‍ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലും ജനവിധി തേടും. കൊളത്തൂര്‍, സൈദാപ്പേട്ട്, എഗ്മൂര്‍, ആര്‍.കെ നഗര്‍ തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ തന്നെ അണിനിരത്താനാണ് തീരുമാനം.

ചെന്നൈക്ക് പുറത്തുള്ള മണ്ഡലങ്ങളിലും ടിവികെ ഇറക്കുക പ്രധാന നേതാക്കളെയായിരിക്കും. ഒന്‍പത് തവണ എംഎല്‍എയായ കെ എ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപാളയത്തില്‍ നിന്ന് തന്നെ മല്‍സരിക്കും. മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ ആര്‍ അരുണ്‍രാജ് തിരുച്ചെങ്കോട് നിന്നും, സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ തിരുപ്പരന്‍കുണ്ട്രത്ത് നിന്നും ജനവിധി തേടും.

Tags: