തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്; ഫാസിസ്റ്റ് ശക്തികള്‍ക്കും ക്ഷുദ്രശക്തികള്‍ക്കും ജനങ്ങള്‍ തിരിച്ചടി നല്‍കും; വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും ക്ഷുദ്രശക്തികള്‍ക്കും ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് ടി വികെ അധ്യക്ഷന്‍ വിജയ്. ടിവികെ അല്ലാതെ ഏത് പാര്‍ട്ടിയ്ക്ക് നിങ്ങള്‍ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരുമെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ സ്നേഹം മാത്രമാണ് തന്നെ രാഷ്ട്രീയത്തില്‍ എത്തിച്ചതെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശം ഇരട്ടിയാക്കി കൂടുതല്‍ ദേശീയ നേതാക്കള്‍ ഇന്നലെ സംസ്ഥാനത്തെത്തി. ഡിഎംകെ സഖ്യത്തിന് വോട്ട് തേടിയെത്തിയ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എംകെ സ്റ്റാലിനൊപ്പം ചെന്നൈയില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോയില്‍ സ്റ്റാലിനെ വാനോളം പുകഴ്ത്തിയ കേജ്രിവാള്‍ എന്‍ഡിഎ സഖ്യത്തിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. ബിജെപിയും എഐഎഡിഎംകെയും ചേര്‍ന്നതല്ല എന്‍ഡിഎയെന്നും എന്‍ഡിഎ എന്നാല്‍ ബിജെപി മാത്രമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡിഎംകെ സഖ്യത്തിനായി രാഹുല്‍ ഗാന്ധിയും എത്തി. കന്യാകുമാരിയിലും തൂത്തുകുടിയിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ റാലി.എന്‍ഡിഎ സഖ്യത്തിനായി എന്‍ ചന്ദ്രബാബു നായിഡുവാണ് പ്രചാരണത്തിനിറങ്ങിയത്. കോയമ്പത്തൂരിലായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ റാലി. ആന്ധ്രയുടെ വികസനം വേഗത്തിലാക്കാന്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മാതൃക സഹായിച്ചതായി നായിഡു അവകാശപ്പെട്ടു.