ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് സൂര്യനാരായണനെ(73)മരിച്ച നിലയില്‍ കണ്ടെത്തി. ദിണ്ടിഗല്‍ കൊടൈക്കനാലിലെ സ്വന്തം ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് സൂര്യനാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗ്ലാവില്‍ താമസത്തിനെത്തിയവര്‍ സൂര്യനാരായണനെ കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
കുറിഞ്ചി ആണ്ടവര്‍ ക്ഷേത്രത്തിന് സമീപമുള്ള ബംഗ്ലാവിലാണ് വിഷ്ണുപ്രിയയുടെ അച്ഛന്‍ 73കാരനായ സൂര്യനാരായണന്റെ മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിങ് പൂളിന് സമീപം കസേരയില്‍ കൈകള്‍ കെട്ടി വായില്‍ ടേപ്പ് ഒട്ടിച്ചനിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവില്‍ സൂര്യനാരായണന്‍ തനിച്ചായിരുന്നു താമസം. ബംഗ്ലാവിലെ ചില മുറികള്‍ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസം ഇവിടെ വാടകയ്ക്ക് താമസിച്ച അഞ്ചു യുവാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങളും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയ നിലയിലാണ്. ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരേയും പോലിസ് ചോദ്യം ചെയ്തു.
2018ല്‍ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൂര്യനാരായണന്‍ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ എന്നതടക്കം പരിശോധിക്കുന്നതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു. 2005ല്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം മായാവിയില്‍ അഭിനയിച്ചിട്ടുള്ള വിഷ്ണുപ്രിയ ചെന്നൈയിലാണ് താമസിക്കുന്നത്.
