'തമിഴക വെട്രി കഴകം'; ദളപതി വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

Update: 2024-02-02 09:16 GMT

ചെന്നൈ: തമിഴ് സൂപര്‍ താരം ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് താരം തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് വെളിപ്പെടുത്തിയത്-തമിഴക വെട്രി കഴകം എന്നാണ് പേര്. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന ഒരു യോഗത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍സ് ക്ലബ്ബായ വിജയ് മക്കള്‍ ഇയക്കത്തിന്റെ അംഗീകാരത്തെ തുടര്‍ന്നാണ് സുപ്രധാന പ്രഖ്യാപനം. വരാനിരിക്കുന്ന 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിക്കുക, ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' രജിസ്റ്റര്‍ ചെയ്യാനായി ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതായി താരം അറിയിച്ചു.

    തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നേടിയ ശേഷം, വിജയ് തങ്ങളുടെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കമിടുന്നതിനുള്ള പൊതുയോഗങ്ങളുടെ പദ്ധതികള്‍ വിശദീകരിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഞങ്ങളുടെ പാര്‍ട്ടിയുടെ തത്വങ്ങള്‍, പതാക, ചിഹ്നം, പ്രവര്‍ത്തന പദ്ധതികള്‍ എന്നിവ ഈ സമ്മേളനങ്ങള്‍ പരിചയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News