അനുവാദമില്ലാതെ ഫോട്ടോയെടുത്താല്‍ 1 കോടി രൂപ പിഴ ;നിര്‍ണായക സൈബര്‍ നിയമ ഭേദഗതിയുമായി യുഎഇ

സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും

Update: 2021-12-29 04:49 GMT

അബുദാബി: പൊതുസ്ഥലത്ത് അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും.രാജ്യത്തെ സൈബര്‍ കുറ്റകൃത്യ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി രണ്ട് മുതല്‍ ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തില്‍ വരും.വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് ഒന്നരലക്ഷം ദിര്‍ഹംസ് മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹംസ് വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടേയും, മാധ്യമങ്ങളുടേയും, ആരോഗ്യ മേഖലയിലേയും ഡാറ്റ നശിപ്പിക്കുന്നതിനും കടുത്ത ശിക്ഷ നല്‍കാന്‍ പുതിയ സൈബര്‍ കുറ്റകൃത്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയല്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം.പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും. വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും മികച്ച സംരക്ഷണം നല്‍കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


Tags: