ബിരിയാണി വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയ സംഭവം;ദേശീയ ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു

Update: 2022-08-01 09:20 GMT

പാലക്കാട്:ജില്ലയിലെ പത്തിരിപ്പാല ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും എസ്പിക്കും ബാലാവകാശ കമ്മീഷന്‍ നോട്ടിസ് നല്‍കി. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ വിദ്യാര്‍ഥികളെ രാഷ്ട്രീയ സമരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്, യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പരാതി നല്‍കിയിരുന്നു.സ്‌കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകരുടെ ഒത്താശയോടെയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു.അധ്യാപകര്‍ കുട്ടികള്‍ എത്താത്ത വിവരം മറച്ചുവെച്ചെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളെയാണ് എസ്എഫ്‌ഐ കളക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുപ്പിക്കാനായി രക്ഷിതാക്കളുടെ അനുവാദമില്ലാതെ കൊണ്ടു പോയത്. ബിരിയാണി വാഗ്ദാനം ചെയ്ത ശേഷം പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെ സ്‌കൂള്‍ ബസില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.സ്‌കൂള്‍ സമയം കഴിഞ്ഞും വിദ്യാര്‍ഥികളെ കാണാത്തതോടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് എസ്എഫ്‌ഐ മാര്‍ച്ചിന് കൊണ്ടുപോയ വിവരം അറിഞ്ഞത്. ഭക്ഷണം വാഗ്ദാനം ചെയ്താണ് കുട്ടികളെ കൊണ്ടുപോയതെങ്കിലും ഒരു തുള്ളി വെള്ളം പോലും നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

Tags: