കുര്‍ദ് നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ പിടിക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍
ദമസ്‌കസ്: കുര്‍ദ് വിഭാഗങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമായില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ സൈനികനടപടിയുണ്ടാവുമെന്ന് സിറിയന്‍ സര്‍ക്കാര്‍. യൂഫ്രട്ടീസ് നദിയ്ക്ക് സമീപമുള്ള പ്രസിദ്ധമായ കുര്‍ദ് കേന്ദ്രങ്ങള്‍ പിടിക്കാന്‍ അരലക്ഷം സൈനികരെയാണ് സിറിയന്‍ സര്‍ക്കാര്‍ സജ്ജമാക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പാല്‍മിരയിലെ മരുഭൂമിയിലാണ് ഈ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത്. അറബ് ഗോത്രങ്ങളുടെ സഹകരണത്തോടെ റഖ, ദെയ്ര്‍ ഇസ്സോര്‍ ഗവര്‍ണറേറ്റുകള്‍ പിടിക്കാനാണ് പദ്ധതി. ആലപ്പോ നഗരത്തിലെ തുര്‍ക്കി അനുകൂല ഗ്രൂപ്പുകളും ഈ സൈന്യത്തിന് പിന്തുണ നല്‍കും.
പക്ഷേ, കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്(എസ്ഡിഎഫ്) യുഎസ് പിന്തുണയുണ്ട്. അതിനാല്‍ തന്നെ യുഎസിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ആക്രമണത്തിന് മുതിര്‍ന്നേക്കില്ല. മാത്രമല്ല, ഡ്രൂസുകളുടെ കാര്യത്തിലെന്ന പോലെ അവസരം മുതലെടുത്ത് ഇസ്രായേല്‍ ഇടപെടാനും സാധ്യതയുണ്ട്. എസ്ഡിഎഫിന്റെ ശക്തമായ സൈന്യത്തില്‍ ഏകദേശം 70,000 അറബികളുണ്ട്. ആക്രമണമുണ്ടായാല്‍ അവര്‍ പക്ഷം മാറുമെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എസ്ഡിഎഫിന്റെ അധികാരത്തിലുള്ള പ്രദേശത്തിന് സമീപം തുര്‍ക്കിയുടെ 20,000 സൈനികരുണ്ട്. പക്ഷേ, എസ്ഡിഎഫിന്റെ പ്രദേശങ്ങളില്‍ 1,000 യുഎസ് സൈനികര്‍ ക്യാംപ് ചെയ്യുന്നുണ്ട്.
എന്തായാലും 2024 ഡിസംബറില്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷം അഹമദ് അല്‍ ഷറ ഭരണകൂടം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കുര്‍ദുകളെ സര്‍ക്കാരിന്റെ ഭാഗമാക്കല്‍.
