കോഴിക്കോട്: ട്രെയിന് നേരെയുണ്ടായ കല്ലേറില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് തിങ്കളാഴ്ച റെയില്‍വേ പോലിസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.
കഴിഞ്ഞ മാസം മുപ്പതാം തീയതിയായിരുന്നു സംഭവം. കല്ലേറില്‍ വടകര പുറമേരി സ്വദേശിനി ഐശ്വര്യക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തു. ആലുവ യുസി കോളേജ് വിദ്യാര്‍ഥിനിയാണ് ഐശ്വര്യ. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ പിടികൂടിയത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ട്രെയിനില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയില്‍ ഐശ്വര്യക്ക്(22) കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെയായിരുന്നു കല്ലേറ് നടന്നത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. വീട്ടില്‍ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുള്‍പ്പെടെ നഷ്ടമായി. ആലുവ യുസി കോളേജിലെ ബയോ ഇന്‍ഫര്‍മാറ്റിക് പിജി വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.
