അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തു
നിര്‍ബന്ധിത ഗര്‍ഭഛിദ്രം അടക്കം ചുമത്തി എഫ്ഐആര്‍
തിരുവനന്തപുരം: അതിജീവിതയുടെ ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പോലിസ് കേസെടുത്തു. രാഹുലിനെതിരേ പരാതി നല്‍കിയ യുവതിയുടെ മൊഴി അന്വേഷണസംഘം വിശദമായി രേഖപ്പെടുത്തി. തിരുവനന്തപുരം വലിയമല പോലിസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പോലിസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പോലിസിന് കൈമാറിയിട്ടുണ്ട്.
രാഹുലിനെതിരായ പുതിയ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനാണ് ആലോചന. രാഹുലിനെ കസ്റ്റഡിയിലെടുക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് യുവതി പരാതി നല്‍കിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പുതിയ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് അതിജീവിത പരാതി നല്‍കിയത്. ഫോണ്‍ രേഖകളും മറ്റ് തെളിവുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനത്തിനനുസരിച്ച് നീങ്ങാനാണ് രാഹുലിന്റെ തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്നുമാണ് പരാതിക്കാരി പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. യുവതിയുടെ രഹസ്യമൊഴി കോടതി മുന്‍പാകെ രേഖപ്പെടുത്താന്‍ ഉടന്‍ പോലിസ് അപേക്ഷ നല്‍കും. താന്‍ നേരിട്ട് ദുരനുഭവം കോണ്‍ഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. രാഹുലും യുവതിയും തമ്മിലുള്ള ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. കുഞ്ഞിനെ വേണമെന്ന് രാഹുല്‍ പറയുന്ന ചാറ്റും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയുമാണ് പുറത്തുവന്നത്.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യമുണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയില്‍ എത്താവൂ എന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. എംഎല്‍എയാണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ടു ഡേ ആയി ഹരജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കില്‍ തിരുവന്തപുരത്ത് ഹരജി നല്‍കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പാലക്കാട് എംഎല്‍എ ഓഫീസിലെക്ക് മാര്‍ച്ച് നടത്തി. രാഹുലിന്റെ ഓഫീസിനകത്തേക്ക് പ്രവര്‍ത്തകര്‍ ചാടിക്കയറി. റീത്തുമായെത്തിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റു ചെയ്തുനീക്കി. കോഴിക്കോടും തൃശൂരും രാഹുലിന്റെ കോലം കത്തിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപെട്ട് പ്രതിഷേധം ശക്തമാക്കനാണ് ഡിവൈഎഫ്‌ഐ തീരുമാനം.

