രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ നടപടി സ്വീകരിക്കണമെന്ന് അതിജീവിതയുടെ ഭര്‍ത്താവ്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പരാതി നല്‍കി അതിജീവിതയുടെ ഭര്‍ത്താവ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകര്‍ക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു എംഎല്‍എയാണ് ഇത്തരത്തില്‍ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്‌നം അല്ല. പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ശബ്ദിക്കുന്നതെന്നും അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞു.
എനിക്കും എന്റെ ഭാര്യക്കും ഇടയിലെ പ്രശ്‌നം പരിഹരിക്കാന്‍ വന്നു എന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെ എങ്കില്‍ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎല്‍എ നല്‍കുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് ചോദിച്ചു.എന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പോലിസ് മേധാവിയും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
