'25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്'; അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി
ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നതെന്നായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇടുക്കി മൂലമറ്റത്ത് സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സംവാദത്തില്‍ സംസാരിക്കുന്നതിനിടെയാണ് അധിക്ഷേപ പരാമര്‍ശ നടത്തിത്.
'ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തും പാലക്കാടും മല്‍സരിച്ചല്ല ഞാന്‍ ജയിച്ചത്. തൃശൂരില്‍ നിന്നാണ് എനിക്ക് ജയിക്കാന്‍ സാധിച്ചതെങ്കില്‍ അത് ദൈവം കൂടെ നില്‍ക്കുന്നതുകൊണ്ടാണ്. എന്തൊക്കെ കഥകളാണുണ്ടാക്കുന്നത്. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആര്‍എല്‍വിയെ കലക്കി. ഇതെല്ലാം കഴിഞ്ഞ് വോട്ട് കലക്കി. ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്ത് ജയിച്ചവന്മാരാണ് നിങ്ങളെ വഹിക്കുന്നത്. അവരാണ് എന്നെ കുറ്റം പറയുന്നത്.25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത് ശവങ്ങളെക്കൊണ്ട് അവിടെ വോട്ട് ചെയ്തിട്ടുണ്ട്' സുരേഷ് ഗോപി പറഞ്ഞു. എയിംസ് തൃശൂരിന് അര്‍ഹതപ്പെട്ടതാണെന്നും എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ലെന്നും സംസ്ഥാനത്തിന് മുഴുവന്‍ ഗുണം ലഭിക്കണമെങ്കില്‍ തൃശൂരില്‍ വരണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.