അഗ്നിപഥ് പദ്ധതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സൈന്യത്തിലേക്കുള്ള തൊഴിലവസരം 20ല്‍ നിന്ന് 4 വര്‍ഷമായി ചുരുങ്ങുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍

Update: 2022-07-19 04:31 GMT

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.സൈന്യത്തിലേക്കുള്ള തൊഴിലവസരം 20ല്‍ നിന്ന് 4 വര്‍ഷമായി ചുരുങ്ങുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

2017ല്‍ 70,000ത്തിലധികം വിദ്യാര്‍ഥികള്‍ പരിശീലനം നേടിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. പരിശീലനത്തിന് ശേഷം, നിയമന കത്തുകള്‍ അയക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു, എന്നാല്‍ അഗ്‌നിപഥ് പദ്ധതി അവതരിപ്പിച്ചതു മുതല്‍ അവരുടെ കരിയര്‍ അനിശ്ചിതത്വത്തില്‍ ആണെന്നും ഹരജിയില്‍ പറയുന്നു.

അഭിഭാഷകനായ എം എല്‍ ശര്‍മ്മ, വിശാല്‍ തിവാരി എന്നിവരും ഹരജികള്‍ നല്‍കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നാണ് വിശാല്‍ തിവാരിയുടെ ഹരജിയിലെ ആവശ്യം. ഹരജികളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ജൂണ്‍ 14നാണ് അഗ്‌നിപഥ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്.ഇതിനു പിന്നാലെ രാജ്യവ്യാപകമായി വന്‍ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.പ്രതിഷേധത്തെത്തുടര്‍ന്ന് 500ലധികം ട്രെയിനുകള്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍ബന്ധിതരായി.

Tags:    

Similar News