'മുനമ്പം വഖഫ് ഭൂമി വിഷയത്തിലെ സുപ്രിംകോടതി വിധി, ഇരു മുന്നണികളുടേയും രാഷ്ട്രീയ നാടകങ്ങള്‍ക്കേറ്റ തിരിച്ചടി'; എസ്ഡിപിഐ

Update: 2026-01-31 13:41 GMT

കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മുസ് ലിം സമുദായത്തെ വഞ്ചിക്കുന്ന നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജന: സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വഖഫ് ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതിയുടെ പുതിയ നിരീക്ഷണം, വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്

നിയമപരമായി വഖഫ് ചെയ്യപ്പെട്ട ഭൂമിയില്‍ വഖഫ് ബോര്‍ഡിന് അധികാരമില്ലെന്ന ഹൈക്കോടതിയുടെ വാദം സുപ്രിംകോടതി മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ഈ നിയമപരമായ വസ്തുത നിലനില്‍ക്കെത്തന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുസ് ലിം സമുദായത്തിന്റെ അവകാശങ്ങള്‍ ബലികൊടുക്കാനാണ് ഇരുമുന്നണികളും മല്‍സരിക്കുന്നത്. വഖഫ് സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍, വഖഫ് ഭൂമി വിട്ടുകൊടുക്കാന്‍ കമ്മീഷനുകളെ നിയോഗിച്ചത് നിയമവിരുദ്ധമാണ്. കോടതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന ഒളിച്ചുകളി മുസ് ലിം സമുദായത്തോടുള്ള വഞ്ചനയാണ്.

വഖഫ് ഭൂമി ദാനം നല്‍കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന രീതിയില്‍ മുസ് ലിം ലീഗ് നടത്തുന്ന നീക്കങ്ങള്‍ മുസ് ലിം സമുദായ താല്പര്യത്തിന് വിരുദ്ധമാണ്. കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വഖഫ് നിയമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ലീഗ് ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വഖഫ് ഭൂമി തിരിമറികളെക്കുറിച്ച് ഒരു അന്വേഷണം നടത്തിയാല്‍ ലീഗുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വയം 'വഖഫ് ട്രിബ്യൂണല്‍' ചമയുകയാണ്. വഖഫ് നിയമങ്ങളേയും കോടതികളേയും വെല്ലുവിളിക്കുന്ന സതീശന്റെ ഈ നിലപാടിനു മുന്‍പില്‍ ലീഗ് നേതൃത്വം മുട്ടിലിഴയുന്നത് മുസ് ലിം സമുദായത്തിന് അപമാനകരമാണ്.

മുനമ്പത്തെ സാധാരണക്കാരായ താമസക്കാരുടെ പ്രശ്‌നം പരിഹരിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് വഖഫ് ഭൂമി അല്ലാതാക്കി മാറ്റിക്കൊണ്ടാവരുത്. മുസ് ലിം സമുദായത്തിന്റെ മതപരമായ അവകാശങ്ങളെ രാഷ്ട്രീയ ലാഭത്തിനായി വിട്ടുകൊടുക്കാന്‍ ആരേയും അനുവദിക്കില്ല. മുനമ്പം വിഷയത്തില്‍ മുസ് ലിം സമുദായത്തെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് നടത്തുന്ന എല്ലാ അവിശുദ്ധ രാഷ്ട്രീയ നീക്കങ്ങളേയും എസ്ഡിപിഐ ജനകീയമായി പ്രതിരോധിക്കുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി പ്രസ്താവനയില്‍ അറിയിച്ചു.