ന്യൂഡല്‍ഹി: ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ഹരജികള്‍ സുപ്രിംകോടതി ലിസ്റ്റ് ചെയ്തു തുടങ്ങിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. യുവതി പ്രവേശനത്തിന് എതിരായ റിവ്യൂ ഹരജികള്‍ ഉള്‍പ്പെടെയാണ് പരിഗണനയ്ക്ക് എത്തുക. നാല്‍പത്തി നാലാമത്തെ കേസായി പരിഗണനയ്‌ക്കെത്തും. ഒന്‍പതഅംഗ ബെഞ്ച് രൂപീകരിക്കുന്നതിലും എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനം ഉണ്ടാകും.
2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഹരജികള്‍ പരിഗണിക്കുന്നത് അന്ന് മാറ്റിവെക്കുകയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019ല്‍ കേസ് ഒന്‍പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.