വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം; കേരളത്തിന്റെ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ച് എസ്‌ഐആര്‍ നടപടികളുടെ സമയ പരിധി ഒരാഴ്ചകൂടി നീട്ടിയ വിവരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും.
കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടേക്കും. നിലവില്‍ ഈ മാസം 18 വരെയാണ് എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സമയപരിധി നീട്ടുന്നതിനായി സംസ്ഥാന സര്‍ക്കാരിനോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ നടപടികള്‍ നീട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ എസ്‌ഐആര്‍ നടത്തുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ പുറമേ സിപിഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരാണ് എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.