തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: തെരുവുനായ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് സുപ്രിം കോടതി സമന്‍സ് അയച്ചു. ആഗസ്റ്റ് 22 ന് സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ വിഷയത്തില്‍ അനുസരണ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പശ്ചിമ ബംഗാള്‍, തെലങ്കാന, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവ മാത്രമാണ് അനുസരണ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ വീഴ്ച വരുത്തിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കോടതി ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
ആഗസ്റ്റ് 11ന് പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡല്‍ഹി അധികൃതരോട് തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും അവയെ വിട്ടയക്കുന്നത് തടയുകയും ചെയ്തു. നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നിവിടങ്ങളിലും സമാനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തെരുവുനായ്ക്കളെ പിടികൂടുന്നത് തടയുന്നവര്‍ക്കെതിരേ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
