യുജിസി തുല്യതാ ചട്ടങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു

Update: 2026-01-29 17:11 GMT

ന്യൂഡല്‍ഹി: യുജിസി തുല്യതാ ചട്ടങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ ചട്ടങ്ങളില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് 19 വരെ സ്റ്റേ ചെയ്തിരിക്കുന്നത്. ചട്ടങ്ങള്‍ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാംപസുകളെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

ജാതിയധിക്ഷേപത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല, മെഡിക്കല്‍ വിദ്യാര്‍ഥി പായല്‍ തദ്വി എന്നിവരുടെ അമ്മമാര്‍ നല്‍കിയ പരാതിയില്‍ സുപ്രിംകോടതി നല്‍കിയ നിര്‍ദേശത്തിലാണ് യുജിസി പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍ വിജ്ഞാപനം വന്നതിനു പിന്നാലെ ബിജെപി ഡല്‍ഹിയില്‍ സവര്‍ണ സംഘടനകളെ അണിനിരത്തി ചട്ടം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് സുപ്രിംകോടതി ചട്ടങ്ങള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

സ്റ്റേ ചെയ്ത പുതിയ ചട്ടം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം തടയാന്‍ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന കേസിന്റെ ഭാഗമായാണ് യുജിസി പുതിയ ചട്ടം കൊണ്ടുവന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ ആത്മഹത്യ ചെയ്ത പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ഥി പായല്‍ തദ്വിയുടെ മാതാവ് ആബിദ സലീം തദ്വി എന്നിവരാണ് ഹരജികള്‍ നല്‍കിയിരുന്നത്. ഇത് പരിഗണിച്ച സുപ്രിംകോടതി പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ 2025 ജനുവരി മൂന്നിന് യുജിസിക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ 2026 ജനുവരി 13ന് യുജിസി പുതിയ ചട്ടം വിജ്ഞാപനം ചെയ്തു.

സര്‍വകലാശാലകള്‍, കോളജുകള്‍, കല്‍പ്പിത സര്‍വകലാശാലകള്‍ എന്നിവയില്‍ തുല്യാവകാശ കേന്ദ്രം വേണമെന്ന് പുതിയ ചട്ടം ശുപാര്‍ശ ചെയ്യുന്നു. മതം, വംശം, ജാതി, ലിംഗഭേദം, ജനനസ്ഥലം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കുക, ഉന്നത വിദ്യാഭ്യാസത്തില്‍ പൂര്‍ണ്ണമായ തുല്യതയും ഉള്‍പ്പെടുത്തലും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. 'ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം' പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവയിലെ അംഗങ്ങള്‍ക്കെതിരാണ് നടക്കുക.

പരാതികള്‍ അന്വേഷിക്കുന്നതിനും തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും പരാതിക്കാരെ പ്രതികാര നടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും, 24x7 ഇക്വിറ്റി ഹെല്‍പ്പ്‌ലൈനും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനവും നടത്തുന്നതിന് പുറമേ, സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ ഒരു ഇക്വിറ്റി കമ്മിറ്റി രൂപീകരിക്കണം. കമ്മിറ്റിയില്‍ ഫാക്കല്‍റ്റി, അനധ്യാപക ജീവനക്കാര്‍, സിവില്‍ സൊസൈറ്റി, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരും ഉള്‍പ്പെടും. ഒബിസി, എസ്സി, എസ്ടി, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവരുടെ പ്രാതിനിധ്യവും നിര്‍ബന്ധമാണ്. ചട്ടം പാലിച്ചില്ലെങ്കില്‍ പദ്ധതികളും കോഴ്സുകളും നിഷേധിക്കുമെന്നും അംഗീകാരം റദ്ദാക്കുമെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

Tags: