ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരേ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് വിമര്‍ശനം. എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് വിരമിച്ച ജസ്റ്റിസ് ശുഭാന്‍ഷു ധൂലിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാലയും കെ വി വിശ്വനാഥും ഉള്‍പ്പെട്ട ബെഞ്ചാണ് ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്തത്. റിപോര്‍ട്ടിനെക്കുറിച്ച് ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു.
ധൂലിയ കമ്മിറ്റിയുടെ റിപോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നുവെങ്കിലും ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന കാര്യം മുഖ്യമന്ത്രി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ അഭിഭാഷകനോട് ചോദ്യങ്ങളുമായി ബെഞ്ച് മുന്നോട്ടുവന്നു. റിപോര്‍ട്ടിനെ വെറും കടലാസ് കഷ്ണമല്ല എന്ന് ജസ്റ്റിസ് പാര്‍ദിവാല ഓര്‍മ്മിപ്പിക്കുകയും റിപോര്‍ട്ട് ലഭിച്ചിട്ടും തീരുമാനം വൈകുന്നതെന്തെന്നും ചോദിക്കുകയും ചെയ്തു.
ഗവര്‍ണറുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ട ചില റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന വാദമുന്നയിച്ചു. എന്നാല്‍ ആവശ്യമായ രേഖകള്‍ എല്ലാം കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. എന്ത് റിപോര്‍ട്ടാണ് ഇനി ആവശ്യമായതെന്ന് കോടതി ചോദ്യം ഉന്നയിക്കുകയും ധൂലിയ റിപോര്‍ട്ടില്‍ വേഗം തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. കേസ് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
