ഗവര്‍ണറുടെ സ്വതന്ത്രാധികാരം പ്രശ്‌നമുണ്ടാക്കുമെന്ന് സുപ്രിംകോടതി

Update: 2025-08-27 04:17 GMT

ന്യൂഡല്‍ഹി: ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന വ്യാഖ്യാനം വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സുപ്രിംകോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ബില്ലുകള്‍ തടഞ്ഞുവെക്കല്‍ അംഗീകരിച്ചാല്‍ മണിബില്ലുകള്‍ പോലും തടയാനാകുമെന്ന് സുപ്രിംകോടതി. അങ്ങനെയൊരു സാഹചര്യം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരായി നല്‍കിയ കേസില്‍, ബില്ലുകള്‍ പാസാക്കുന്നതിനുള്ള സമയപരിതി നിശ്ചയിച്ച സുപ്രിംകോടതി വധിക്കെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുകയായിരുന്നു.

ബില്ലുകള്‍ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടെങ്കില്‍ മണി ബില്ലുകളും തടയാനാകില്ലേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചപ്പോള്‍, അതിന് സാധിക്കുമെന്നാണ് മഹാരാഷ്ട്രക്കായി ഹാജരായ ഹരീഷ് സാല്‍വെയുടെ മറുപടി.

ഗവര്‍ണറുടെ അനുമതിയോടെയാണ് മണിബില്ലുകള്‍ അവതരിപ്പിക്കുന്നതെന്നും അതിനാല്‍ തടഞ്ഞുവെക്കേണ്ടി വരില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. എന്നാല്‍, ഗവര്‍ണര്‍ അനുമതി നല്‍കിയതിനെക്കാള്‍ വ്യത്യസ്തമായ ബില്ലാണ് നിയമസഭ പാസാക്കിയതെങ്കില്‍ മണിബില്ലും തടഞ്ഞുവെക്കാനാകുമെന്ന് സാല്‍വെ വാദിച്ചു.

Tags: