സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി

രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കടുത്ത വ്യവസ്ഥകളോടെ കാപ്പന്‍ ജയില്‍ മോചിതനായത്. എന്നാല്‍, ആഴ്ച്ച തോറും പോലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിബന്ധന വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.

Update: 2024-11-04 07:18 GMT

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്.ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സിദ്ദീഖ് കാപ്പന് ആശ്വാസകരമായ വിധി പുറപ്പെടുവിച്ചത്

2022 സപ്തംബര്‍ 9നാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും കാപ്പന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ അനുവദിച്ചായിരുന്നു നടപടി.രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് കടുത്ത വ്യവസ്ഥകളോടെ കാപ്പന്‍ ജയില്‍ മോചിതനായത്. എന്നാല്‍, ആഴ്ച്ച തോറും പോലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിബന്ധന വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.

യുപിയിലെ ഹാത്റസില്‍ 19 വയസ്സുള്ള ദലിത് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് റിപോര്‍ട്ട് ചെയ്യുന്നതിന് പോകുമ്പോഴാണ് 2020 ഒക്ടോബറില്‍ സിദ്ദീഖ് കാപ്പനും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെട്ടത്.സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിയായി തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു അറസ്റ്റ്.

Tags: