വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: 2025ലെ വഖ്ഫ് ഭേദഗതി നിയമ പ്രകാരം വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു . നിയമത്തിലെ സെക്ഷന്‍ 3 ബി പ്രകാരം സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമപ്രകാരം സമയം നീട്ടുന്നതിനായി വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നാണ് നിര്‍ദേശം. ജസ്റ്റിസ് ദീപങ്കര്‍ ദത്ത , ജസ്റ്റിസ് എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തില്‍ വാദം കേട്ടത്.
ഭേദഗതി ചെയ്ത നിയമം പ്രാബല്യത്തില്‍ വന്നതു മുതല്‍ എല്ലാ വഖ്ഫ് സ്വത്തുക്കളുടെയും നിര്‍ബന്ധിത രജിസ്‌ട്രേഷന് ആറ് മാസത്തെ സമയപരിധി ഉണ്ടായിരുന്നു. ഈ സ്വത്തുക്കളുടെ രജിസ്‌ട്രേഷനായി കേന്ദ്ര സര്‍ക്കാര്‍ UMEED പോര്‍ട്ടല്‍ ആരംഭിച്ചു. UMEED പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കോടതി വിസമ്മതിച്ചു.
ആറ് മാസത്തെ സമയപരിധി ഈ ആഴ്ച അവസാനിക്കുമെന്നാണ് വിവരം. ഹര്‍ജിക്കാരില്‍ ഒരാളായ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവനും ലോക്സഭാംഗവുമായ അസദുദ്ദീന്‍ ഒവൈസി വഖഫ് രജിസ്ട്രേഷനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.