ഗവര്‍ണര്‍മാര്‍ ബില്‍ തടയരുത്; രാഷ്ട്രപതി റഫറന്‌സില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി സുപ്രിംകോടതി
ഗവര്‍ണര്‍മാര്‍ ബില്‍ തടയരുത്; രാഷ്ട്രപതി റഫറന്‌സില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ പരിധി നിശ്ചയിക്കരുതെന്ന വിധിക്കെതിരേ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു നല്‍കിയ റഫറന്‍സില്‍ ഗവര്‍ണര്‍മാര്‍ക്ക് തിരിച്ചടിയായി. സംസ്ഥാന സര്‍ക്കാരുകളുടെ ഭരണാധികാരത്തെ ഉറപ്പിക്കുന്ന ശക്തമായ നിലപാടാണ് സുപ്രിംകോടതി ഭരണഘടനാബെഞ്ച് സ്വീകരിച്ചത്.
ഗവര്‍ണര്‍മാരുടെ അധികാരം പരിമിതമാണെന്നും, ബില്ലുകള്‍ അകാരണമായി തടഞ്ഞുവെക്കുന്നത് ഫെഡറല്‍ ഘടനയെ ദോഷകരമായി ബാധിക്കുമെന്നുമാണ് കോടതിയുടെ നിരീക്ഷണം.
''ഭരണത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ തന്നെയായിരിക്കണം. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഒരു സംസ്ഥാനത്ത് ഉണ്ടാകാന്‍ കഴിയില്ല. ബില്ലില്‍ പ്രശ്‌നമുണ്ടെങ്കില്‍ ഗവര്‍ണര്‍ അത് തിരിച്ചയക്കാം, എന്നാല്‍ അനാവശ്യമായി തടഞ്ഞുവെക്കാന്‍ അധികാരമില്ല'' ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് രാഷ്ട്രപതിയുടെ റഫറന്‍സിന് മറുപടി നല്‍കിക്കൊണ്ട് തീരുമാനം പുറപ്പെടുവിച്ചത്.
റഫറന്‍സ് നിയമപരമായി നിലനില്‍പ്പില്ലെന്നും തള്ളണമെന്നും കേരളം ശക്തമായി വാദിച്ചിരുന്നു. തമിഴ്നാടും ഇതേ നിലപാടാണ് സ്വീകരിച്ചത്. സമയപരിധി നിശ്ചയിക്കുന്നതിനെതിരേ രണ്ടംഗ ബെഞ്ചിന് അധികാരമില്ലെന്നും, വിഷയം വിശാല ബെഞ്ചിലേക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും ഭരണഘടനാബെഞ്ച് നിലവിലെ വിധിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തമായ മറുപടിയായിരുന്നു രണ്ടംഗ ബെഞ്ചിന്റെ മുന്‍പത്തെ നിര്‍ണായക വിധിയെന്നും നിരീക്ഷിക്കപ്പെടുന്നു.
