ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗരിക്കെതിരേയുള്ള എഫ്ഐആര്‍ റദ്ദാക്കി സുപ്രിംകോടതി

Update: 2025-03-28 08:05 GMT

ന്യൂഡല്‍ഹി: എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗരിക്കെതിരേ ഗുജറാത്ത് പോലിസ് സമര്‍പ്പിച്ച എഫ്ഐആര്‍ സുപ്രിംകോടതി റദ്ദാക്കി. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി പറഞ്ഞു.

പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 'മറ്റൊരാള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ഒരു വലിയ വിഭാഗം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും, അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. കവിത, നാടകം, സിനിമകള്‍, ആക്ഷേപഹാസ്യം, കല എന്നിവയുള്‍പ്പെടെയുള്ള സാഹിത്യം മനുഷ്യജീവിതത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു,' ബെഞ്ച് പറഞ്ഞു.

തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ജനുവരി 17ന് ഇമ്രാന്‍ പ്രതാപ്ഗരി ഹരജി നല്‍കിയിലിരുന്നു. എന്നാല്‍ കോടതി ഹരജി തള്ളി. തുടര്‍ന്ന്, ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹരജിയാലാണ് ഉത്തരവ്. ജനുവരി 3 ന്, ജാംനഗറില്‍ നടന്ന ഒരു വിവാഹ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ ഗാനം ആലപിച്ചെന്നു പറഞ്ഞ് പ്രതാപ്ഗര്‍ഹിക്കെതിരേ കേസെടുക്കുകയായിരുന്നു. പ്രതാപ്ഗര്‍ഹി എക്സില്‍ അപ്ലോഡ് ചെയ്ത 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍, പ്രകോപനപരവും ദേശീയ ഐക്യത്തിന് ഹാനികരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ വരികള്‍ ഉണ്ടായിരുന്നുവെന്ന് എഫ്ഐആറില്‍ ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 196 (മതം, വംശം മുതലായവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197 (ദേശീയ സംയോജനത്തിന് വിരുദ്ധമായ ആരോപണങ്ങള്‍, വാദങ്ങള്‍) എന്നിവ പ്രകാരമാണ് പ്രതാപ്ഗര്‍ഹിക്കെതിരേ കേസെടുത്തത്.

Tags: