സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിമാരുടെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിലവിലെ മുഖ്യമന്ത്രിമാരുടെ പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി , ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍ , എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന റിട്ട് ഹരജി 10 ലക്ഷം രൂപ പിഴ ചുമത്തി തള്ളുകയായിരുന്നു.
രാജ്യമെമ്പാടും സമാനമായ ഒരു പ്രതിഭാസം പിന്തുടരുമ്പോള്‍, മുഖ്യമന്ത്രി സ്റ്റാലിന്റെ പേരുള്ള തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് എഐഎഡിഎംകെ എംപിയായ സിവി ഷണ്‍മുഖം എന്ന ഹരജിക്കാരന്‍ ഉത്കണ്ഠാകുലനാകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബെഞ്ച് ചോദിച്ചു.തമിഴ്നാട് സര്‍ക്കാരിനു വേണ്ടി ഇന്ന് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി , മുമ്പും നിരവധി രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്ന് വാദിച്ചു.
'മുന്‍ മുഖ്യമന്ത്രി ജയലളിതയെ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന 'അമ്മ' എന്ന പദം ഉപയോഗിച്ച നിരവധി പദ്ധതികള്‍ മുമ്പ് ഉണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലെ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി വില്‍സണ്‍ വാദിച്ചു. അതേസമയം, എഐഎഡിഎംകെയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് ഹാജരായി.