സംഭല്‍ മസ്ജിദ്: തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി

Update: 2025-08-22 07:33 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാമസ്ജിദിനെതിരെ വിചാരണക്കോടതിയില്‍ നടക്കുന്ന കേസില്‍ തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട കേസിന് 1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരമുള്ള തടസമില്ലെന്ന 2025 മേയ് 19ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നല്‍കിയ അപ്പീല്‍ പരിഗണിച്ചപ്പോഴാണ് സുപ്രിംകോടതി ഈ നിര്‍ദേശം നല്‍കിയത്. രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്നാണ് 1991ലെ നിയമം പറയുന്നത്. പുരാതന ആരാധനാലയങ്ങളില്‍ മറ്റുള്ളവര്‍ അവകാശവാദം ഉന്നയിക്കാതിരിക്കാനാണ് ബാബരി മസ്ജിദിലെ അവകാശവാദത്തെ തുടര്‍ന്ന് നിയമം പാസാക്കിയത്.

സംഭല്‍ മസ്ജിദിനെതിരായ കേസ് ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന ഹൈക്കോടതി നിരീക്ഷണം തെറ്റാണെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹമദി വാദിച്ചു. എന്നാല്‍, ഹൈക്കോടതി വിധി ശരിയാണെന്ന് ഹിന്ദുത്വ പക്ഷത്തിന് വേണ്ടി ഹാജരായ അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്ന്‍ വാദിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള സ്മാരകമായ സംഭല്‍ മസ്ജിദ് ആരാധനാലയ സംരക്ഷണ നിയമത്തിന് കീഴില്‍ വരില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍ക്ക് ആരാധനാലയ സംരക്ഷണ നിയമം ബാധകമല്ലെന്ന് മുമ്പ് സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അയാള്‍ വാദിച്ചു. തുടര്‍ന്ന് ആ വിധിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ഈ വിധിയുടെ പകര്‍പ്പ് പരിശോധിച്ച ശേഷം തുടര്‍വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചത്.

സംഭല്‍ ശാഹി ജമാമസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന ഹിന്ദുത്വ പക്ഷത്തിന്റെ അന്യായം പരിഗണിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ 2024 നവംബര്‍ 19ന് സിവില്‍കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് 24ന് നടന്ന ഹിന്ദുത്വസര്‍വേയില്‍ വലിയ സംഘര്‍ഷമുണ്ടായി. അഞ്ച് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. സിവില്‍കോടതി വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമുണ്ടാവും വരെ സിവില്‍കോടതി നടപടികളൊന്നും സ്വീകരിക്കരുതെന്ന് 2024 നവംബറില്‍ തന്നെ സുപ്രിംകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഹൈക്കോടതി വിധി വന്നതിനെ തുടര്‍ന്നാണ് സുപ്രിംകോടതി കേസ് വീണ്ടും പരിഗണിച്ചത്.