സിഖ് വംശഹത്യ: ആറ് അപ്പീലുകളില്‍ പ്രതികള്‍ക്ക് നോട്ടീസ്

Update: 2025-05-08 01:12 GMT

ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യയിലെ ആറു കേസുകളിലെ പ്രതികളെ വിട്ടതിനെതിരെ ഡല്‍ഹി പോലിസ് നല്‍കിയ അപ്പീലില്‍ സുപ്രിംകോടതി പ്രതികള്‍ക്ക് നോട്ടിസ് അയച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ള 14 പേര്‍ക്കാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടിസ് നല്‍കിയത്. വംശഹത്യാക്കേസുകള്‍ പോലിസ് അട്ടിമറിച്ചെന്ന് ആരോപിച്ച് എസ് ഗുര്‍ലാദ് സിംഗ് നല്‍കിയ ഹരജിയില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ നേരത്തെ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് എസ് എന്‍ ധിംഗ്ര അധ്യക്ഷനായ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിയാണ് എട്ടു കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ ഡല്‍ഹി പോലിസിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലിസ് ആറ് അപ്പീല്‍ ഫയല്‍ ചെയ്തത്.

വംശഹത്യാക്കേസുകളില്‍ നിരവധിയെണ്ണം പോലിസ് അട്ടിമറിച്ചെന്നും സമയത്തിന് അപ്പീലുകള്‍ ഫയല്‍ ചെയ്തില്ലെന്നുമാണ് സമിതി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സത്യസന്ധമായി പോലിസ് കാര്യങ്ങള്‍ ചെയ്യണമെന്ന് സുപ്രിംകോടതി നിര്‍ദേശിക്കുകയും ചെയ്തു.